ആമുഖം

നാലു തെന്നിന്ത്യൻ ഭാഷാലിപികൾ തെളിയുന്ന ഒരപൂർവ്വ പുസ്തകമാണിത്. കവിതയാണ് ഇതിലെ പൊതുമൊഴി. ഇത്തരത്തിലൊന്ന് കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ ഒരു പക്ഷേ ആദ്യമായിരിക്കാം; അല്ലെങ്കിൽ അത്യപൂർവ്വമെങ്കിലുമാണ്. അതാണ് ഈ പുസ്തകത്തിന്റെ സാർത്ഥകതയും ചരിത്ര പ്രാധാന്യവും.

പട്ടാമ്പി ഗവ. സംസ്കൃത കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച രണ്ടാമത് കവിതാ കാർണിവലിനോടനുബന്ധിച്ച്, കേരള സാഹിത്യ അക്കാദമിയുടെയും കവിതാ കാർണിവൽ ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 2017 ജനുവരി 25 മുതൽ 27 വരെ ഷൊർണ്ണൂരിലെ എസ്.എൻ. ഹെറിട്ടേജിൽ നടത്തിയ തെന്നിന്ത്യൻ കവിതാവിവർത്തന ശിൽപ്പശാലയിൽ നിന്നാണ് ഈ 'അയൽ മൊഴികൾ' ജന്മമെടുത്തത്. പ്രമുഖ കവി സച്ചിദാന്ദന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ തമിഴ്, കന്നഡ, തെലുഗു ഭാഷകളിൽ നിന്ന് മൂന്നു പേർ വീതവും മലയാളത്തിൽ നിന്ന് ഒമ്പതുപേരും കവി - വിവർത്തകരായി പങ്കെടുത്തു. ഭാഷാവിനിമയവിദഗ്ദ്ധർ എന്ന നിലയിൽ ശ്രീ. എ.ജെ.തോമസ് (കവി, ആംഗലേയ വിവർത്തകർ, ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ ഗസ്റ്റ് എഡിറ്റർ), ശ്രീ.ബി.ശിവകുമാർ (ആന്ധ്ര ദ്രവീഡിയ സർവ്വകലാശാലയിലെ അദ്ധ്യാപകനും ബഹുഭാഷാപണ്ഡിതനും), ശ്രീ. തെർളി ആർ.ശേഖർ (കന്നഡ - മലയാളം വിവർത്തകൻ) എന്നിവരും ക്യാമ്പിന്റെ ഭാഗമായിരുന്നു. മൊഴിപ്പകര്‍ച്ചയില്‍ പദങ്ങളുടെ അര്‍ത്ഥവിനിമയത്തോടൊപ്പം ശബ്ദസമാനതകളെക്കൂടി പരിഗണിക്കാന്‍ ശ്രമിച്ചു എന്നതാണ് കവികളുടെ ഈ  മുഖാമുഖവിവര്‍ത്തന ശില്പശാലയെ വ്യത്യസ്തമാക്കിയത്.

സമകാലീനവും ആധുനികാനന്തരവുമായ ഭാവുകത്വപരിസരം പങ്കിടുന്ന കവിതയുടെ ഏതാനും പ്രതിനിധികളെയാണ് ശിൽപ്പശാലയിലേക്ക് ക്ഷണിച്ചത്.  ഒന്നിലേറെ ദ്രാവിഡമൊഴിയിൽ പ്രാവീണ്യമുള്ള ചിലരുണ്ടാവുക, ഒന്നിച്ചിരുന്നുള്ള മൊഴിമാറ്റരീതി ശീലിച്ചവരുടെയും യുവതലമുറയുടെയും സന്തുലിതമായ സാന്നിധ്യമുണ്ടാവുക, വ്യത്യസ്ത വീക്ഷണങ്ങൾക്കും ധാരകൾക്കും ഇടമുണ്ടാവുക എന്നിങ്ങനെ  പ്രാതിനിധ്യത്തിന്റെയും പ്രായോഗികതയുടെയും വശങ്ങൾ ഇതിനായി ഞങ്ങൾ പരിഗണിച്ചു. പങ്കെടുത്തവരെല്ലാം ശിൽപ്പശാലയുടെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് പ്രതീക്ഷിച്ചതിലുമേറെ കവിതകൾ വിവർത്തനം ചെയ്യാൻ തയ്യാറായി. തീർച്ചയായും, ഇതിൽ പങ്കെടുത്തവരോളമോ അതിലേറെയോ പ്രസക്തരായ കവികൾ ദ്രാവിഡ ഭാഷകളിൽ ഇനിയും ഉണ്ടെന്നറിയാം. പക്ഷേ ഒരു മൂദിനക്കൂട്ടായ്മയുടെ പല പരിമിതികൾക്കും പരിഗണനകൾക്കുമുള്ളിൽ നിന്ന് ഇരുപതിലെേറെ കവികളെ ഒന്നിച്ചിരുത്താൻ കഴിയുമായിരുന്നില്ല.

മൂന്നു ദിനരാത്രങ്ങൾ ബിംബപ്രതിബിംബങ്ങൾ പോലിരുന്ന് കവികൾ പരസ്പരം പകർത്തിയ 63 കവിതകളാണ് ഈ സമാഹാരത്തിലുള്ളത് (34 ഇതരഭാഷാ കവിതകളുടെ മലയാളമൊഴിയും 29 മലയാള കവിതകളുടെ തമിഴ്, കന്നഡ, തെലുഗു പാഠങ്ങളും). ഒരു പക്ഷേ, കൂടുതൽ അവധാനപൂർവ്വമുള്ള തെരഞ്ഞെടുപ്പും രാകിമിനുക്കലും സാധ്യമായിരുന്നെങ്കിൽ ഈ സമാഹാരം കൂടുതൽ ഈടുറ്റതാകുമായിരുന്നു; തെന്നിന്ത്യൻ ഭാഷകൾക്കിടയിലെ ശബ്ദാർത്ഥപരമായ സമാനതകൾ കൂടുതൽ സമ്മിതിയിൽ മൊഴി ചേർക്കപ്പെടുമായിരുന്നു. സമയക്കുറവിനു പുറമേ, പുതുമുറക്കാരുടെ പരിചയക്കുറവും ആദ്യസംരഭമെന്ന നിലയിലുള്ള അനിശ്ചിതത്വങ്ങളുമെല്ലാം ചേർന്ന് ഇതിലെ മൊഴിമാറ്റങ്ങളെ അപൂർണ്ണമാക്കുന്നുണ്ടാവാം. എങ്കിലും, നിരവധി നിലകളും അറകളും ഒഴിവിടങ്ങളും നിറഞ്ഞ എസ് എൻ ഹെറിട്ടേജിന്റെ ശാന്തതയിൽ മൂന്നുദിവസം കൊണ്ട് ഉരുവം കൊണ്ടത് ഒരു പുതു ദ്രാവിഡഗോത്രം. ആ ഗോത്രത്തിന്റെ ആദ്യാക്ഷരങ്ങൾ ഈ പുസ്തകത്തിലുണ്ട്.

കൂട്ടത്തിൽ ഇളയവനായ കെ.എം.പ്രമോദിന്റെ 'കർക്കടകം' എന്ന കവിത ഇതര ദ്രാവിഡ ഭാഷകളിലേക്ക് പകർന്നപ്പോഴുണ്ടായ ഒരനുഭവം കൂടി സൂചിപ്പിക്കട്ടെ - കർക്കടപ്പെയ്ത്തുകാലത്തെ പല ജാതിത്തവളകളുടെ പലമട്ടു കരച്ചിലുകളിലൂടെയാണ് ആ കവിത ഭാഷപ്പെടുന്നത്; ദ്വിഭാഷിക്കോ ആംഗലീകരണത്തിനോ വഴങ്ങാത്ത ഒരുൾനാടൻ ശബ്ദനാടകത്തിലൂടെ. പക്ഷേ 'കർക്കടകം' തമിഴ് - കന്നഡ - തെലുഗു ശബ്ദവിതാനത്തിലേക്ക് അനായാസം സഞ്ചരിച്ചു. രാത്രിയിൽ അവ എല്ലാവരും ഒന്നിച്ചിരുന്ന് ചൊല്ലി. മൺസൂണിലെ ആദ്യമഴയ്ക്കു ശേഷമുള്ള പാടത്ത് പലപാട് രാനാദങ്ങൾ ഉയിരെടുക്കുമ്പോലെ തെന്മൊഴികൾ കലർന്നു. ശിൽപ്പശാലയുടെ ദ്രാവിഡചാരുത നിറഞ്ഞുതുളുമ്പിയ നിമിഷങ്ങളായിരുന്നു അത്.

പല ഭാഷയിൽ എഴുതപ്പെടുമ്പോഴും ഇന്ത്യൻ സാഹിത്യം ഒന്നാണ് എന്ന നെഹ്റുവിയൻ ആദർശത്താൽ പ്രചോദിതമായി രൂപംകൊണ്ടവയാണ് നമുടെ ദേശീയ സാഹിത്യത്തട്ടകങ്ങൾ പലതും. അവയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ പുത്തൻ ദേശീയതാ നിർവചനങ്ങളുടെ കാലത്ത് കവിതയുടെ പുതിയ റിപ്പബളിക് സ്വപ്നം കാണാൻ നാം ബാധ്യസ്ഥരാവുന്നു. ദ്രാവിഡകവിതയുടെ, ഇന്ത്യൻ കവിതയുടെ, ദക്ഷിണേഷ്യൻ കവിതയുടെ, ആ അതിരെഴാദേശത്തെ സ്വരാക്ഷരങ്ങളായി പരിണമിക്കട്ടെ ഈ എളിയ പരിശ്രമം.

ഇങ്ങനെ ഒരു ബഹുഭാഷാ കാവ്യസമാഹാരം സാദ്ധ്യമാക്കിയ വിവര്‍ത്തനശില്പശാല സംഘടിപ്പിച്ച പട്ടാമ്പി ഗവ.കോളേജ് മലയാളവിഭാഗത്തിനോടും നേതൃത്വം നല്‍കിയ കവി സച്ചിദാനന്ദനോടും സമാഹാരം പ്രസിദ്ധീകരിക്കാന്‍ സന്നദ്ധരായ കേരള സാഹിത്യ അക്കാദമിയോടും തെന്നിന്ത്യന്‍ ഭാഷാകവിത കടപ്പെട്ടിരിക്കുന്നു.

അൻവർ അലി
പി.പി. രാമചന്ദ്രൻ

No comments:

Post a Comment