കവിത വിവര്‍ത്തനം ചെയ്യുമ്പോള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ നിരന്തരമായി കവിതകള്‍ പരിഭാഷ ചെയ്തു കൊണ്ടിരുന്ന ഒരു കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1977–ല്‍, ‘കവിതാവിവര്‍ത്തനം’ എന്ന ഒരു കവിത എഴുതാനിടയായി. അത് ഇങ്ങിനെയാണ്‌:

‘കവിതാവിവര്‍ത്തനം
ഒരു കൂടുവിട്ടു കൂടുമാറ്റമാണ്
മത്സ്യം വെള്ളത്തിലൂടെ ഊളിയിടുന്നതു പോലെ
വിവര്‍ത്തകന്‍ മനസ്സുകളിലൂടെ ഊളിയിടുന്നു
ഓരോ വാക്കിന്റെയും തീരത്ത്
അവന്‍ തരിമണലില്‍ കുനിഞ്ഞിരിക്കുന്നു
ഓരോ കക്കയുടെയും നിറം പഠിക്കുന്നു
ഓരോ ശംഖും ഊതിനോക്കുന്നു

കവിതാവിവര്‍ത്തനം വിക്രമാദിത്യന്‍കഥയിലെ
അമ്പരപ്പിക്കുന്ന തല മാറ്റിവെക്കലാണ്
വിവര്‍ത്തകന്‍ തന്റെ ഉടലില്‍
മറ്റൊരു കവിയുടെ ശിരസ്സ് താങ്ങി നിര്‍ത്തുന്നു

ഓരോ വരിയും ഓരോ വഴിയാണ്
ദു:ഖവും യുദ്ധവും മടുപ്പും കൊണ്ട്
കീറിപ്പറിഞ്ഞ ഒരു വഴി
അനശ്വരരായ മനുഷ്യരും ദൈവങ്ങളും മരങ്ങളും വിഹരിക്കുന്ന സംഗീതാത്മകമായ  ഒരു പിന്‍ വഴി.

ഒരു വരി അവസാനിക്കുന്നിടത്ത്
ഒരഗാധത പൊട്ടിത്തുറക്കുന്നു
അവിടെ മരിച്ചവരുടെ ആത്മാക്കള്‍
ദാഹം തീര്‍ക്കാനെത്തുന്നു
വിശുദ്ധമായ ഈ വഴിയേ പോരുന്നവര്‍
ചെരിപ്പും ഉടുപ്പും അഴിച്ചു വെയ്ക്കണം
അടിവാരത്തെ കാറ്റുകളെപ്പോലെ
നഗ്നരായി നൂണുപോകണം

ഒരു ദിവസം ഞാന്‍ എന്റെ കവിത
എന്റെ തന്നെ ഭാഷയിലേക്കു
വിവര്‍ത്തനം ചെയ്യുന്നതായി സ്വപ്നം കണ്ടു

നാമേവരും ഓരോ കവിതയും
നമ്മുടെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുന്നു
പിന്നെ നാം അര്‍ത്ഥത്തെച്ചൊല്ലി വഴക്കിടുന്നു

എനിക്ക് തോന്നുന്നു
ബാബേല്‍ ഒരിക്കലും പണി തീരുകയില്ല’

ഈ കവിത കവിതാവിവര്‍ത്തനത്തിന്റെ വെല്ലുവിളികളില്‍ ആരംഭിച്ചു അതിന്റെ അസാധ്യതയോടുക്കുന്ന ദുസ്സാധ്യത സൂചിപ്പിച്ചാണ് അവസാനിക്കുന്നത്‌. അവസാനത്തെ വരി ഒരു അതിശയോക്തി ആണെന്നു വേണമെങ്കില്‍ പറയാം. അത്രയേറെ കവിതകള്‍ വിവര്‍ത്തന വിധേയമായിട്ടുണ്ട്, നാം മറ്റു ഇന്ത്യന്‍ ഭാഷകളിലെയും വിദേശഭാഷകളിലെയും കവിതകള്‍ വായിച്ചിട്ടുള്ളത് നമുക്കറിയാവുന്ന ഭാഷകളിലുള്ള അവയുടെ വിവര്‍ത്തനം വായിച്ചിട്ടാണല്ലോ. ബാബേലിനെ ഒരു രൂപകമായി എടുക്കുകയാണ് വേണ്ടത്: എല്ലാ വിവര്‍ത്തകരും ചേര്‍ന്ന് സൂര്യനിലേക്കുള്ള ഒരു ഗോപുരം പണിയുകയാണ്, കവിത എന്ന അനിര്‍വചനീയമായ ചൈതന്യത്തിലേക്ക്‌, ഊര്‍ജ്ജപ്രഭവത്തിലേക്ക്, ഒരു ഗോപുരം. അത് ഒരിക്കലും പണി തീരുകയില്ലായിരിക്കാം; എന്നാല്‍ ഓരോ വിവര്‍ത്തനവും അതിന്റെ ഒരു ശിലയാണ്. വാള്‍ട്ടര്‍ ബെന്യാമിന്‍, എല്ലാ വിവര്‍ത്തനവും മനുഷ്യന് എന്നോ നഷ്ടപ്പെട്ടിരിക്കാവുന്ന ഒരു പൊതുഭാഷയെ ലക്ഷ്യമാക്കുന്നു എന്ന് പറയുമ്പോള്‍ അതാകാം ഉദ്ദേശിക്കുന്നത്.  ഭാഷയുടെ വിപിനത്തിലേക്ക് നാം കൂക്കുമ്പോള്‍ കിട്ടുന്ന മറുവിളിയാണ് വിവര്‍ത്തനം എന്നും അദ്ദേഹം  ആ മര്‍മ്മസ്പര്‍ശിയായ ലേഖനത്തില്‍ (‘ദി ടാസ്ക് ഓഫ് ദി ട്രാന്‍സ്ലേറ്റര്‍’: ഇല്ല്യൂമിനേഷന്‍സ്) പറയുന്നുണ്ട്. ഓരോ കവിതാപരിഭാഷയും മൂലത്തിന്റെ ഒരു പ്രതിധ്വനി ആണെന്നര്‍ത്ഥം.  അതിനു മൂലത്തിനു പകരം നില്‍ക്കാന്‍ കഴിയില്ല, അത് അതിന്റെ ഉദ്ദേശ്യം പോലുമല്ല. തന്റെ ഭാഷയില്‍ ഒരു മറുഭാഷാകവിതയെ പുനര്‍ഭാവന ചെയ്യുകയാണ് വിവര്‍ത്തകന്‍, അതിലൂടെ ഒരു സംസ്കാരത്തിന് മറ്റൊരു ഭാഷ അന്വേഷിക്കുകയും, രണ്ടു ഭാഷാസംസ്കൃതികള്‍ക്കിടയില്‍ ഒരു പാലം പണിയുകയും. വേറൊരു തരത്തില്‍ ആലോചിച്ചാല്‍, ഗായത്രി സ്പിവാക് പറയും പോലെ, മൂലത്തിന്റെ ഒരു സൂക്ഷ്മപാരായണമാണ് വിവര്‍ത്തക/ന്‍  നടത്തുന്നത്. വിവര്‍ത്തനത്തെ മൂലത്തിന്റെ  അനുകരണമായും, മൂലത്തെ  ജീവനോടെ ആഹരിക്കുന്ന പ്രവൃത്തിയായുമൊക്കെ – ഒരുതരം നരഭോജനം - സൈദ്ധാന്തികര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ വികസിച്ചിട്ടുള്ള വിവര്‍ത്തനസിദ്ധാന്തങ്ങളില്‍ ഏറിയ പങ്കും ഗദ്യ വിവര്‍ത്തനത്തിന്റെ സ്വഭാവങ്ങളെയും സമസ്യകളെയും സമീപനങ്ങളെയുമാണ്‌ സംബോധന ചെയ്തിട്ടുള്ളത്. എന്നു തന്നെയല്ല അവയുടെ ഒരു ദീര്‍ഘകാലപഠിതാവും അധ്യാപകനും എന്ന നിലയ്ക്ക് എനിക്കു ബോദ്ധ്യമായിട്ടുള്ള  കാര്യം അവയെല്ലാം തന്നെ വിവര്‍ത്തനത്തിന്റെ പ്രക്രിയയെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ആണെന്നും, വിവര്‍ത്തക/ന്‍ അഭിമുഖീകരിക്കുന്ന സജീവപ്രശ്നങ്ങളെക്കാള്‍ ചെയ്യപ്പെട്ട വിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട കൈമാറ്റങ്ങളുടെ ഭാഷാപരവും സാംസ്കാരികവും രാഷ്ട്രീയവുമായ വിവക്ഷകള്‍ അറിയാനാണ് അവ സഹായിക്കുന്നതെന്നുമാണ്. വിവര്‍ത്തനം ചെയ്യാന്‍ കൃതിയുടെ മുന്‍പിലിരിക്കുന്നആളെ അവയൊന്നും ഏറെ സഹായിക്കില്ല, അങ്ങിനെ ഒരു ലക്ഷ്യവും വിവര്‍ത്തനസിദ്ധാന്തങ്ങള്‍ക്കില്ല. എന്നെ വിവര്‍ത്തനത്തില്‍ സഹായിച്ചിട്ടുള്ളത് സ്വാനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ ചില കാര്യങ്ങളാണ് . കവിതയുടെ സവിശേഷ സന്ദര്‍ഭത്തില്‍ അവയെ ഇങ്ങിനെ സംഗ്രഹിക്കാം:
പലപ്പോഴും കവിതയുടെ വൈശിഷ്ട്യങ്ങളായി സഹൃദയന്‍ തിരിച്ചറിയുന്ന പ്രത്യേകതകള്‍ തന്നെയാണ് വിവര്‍ത്തനത്തില്‍ ഏറ്റവും വലിയ പ്രതിബന്ധങ്ങളായി വിവര്‍ത്തകന് അനുഭവപ്പെടുന്നത്. ഛന്ദസ്സിന്റെ വിനിയോഗമാണ് ഒന്ന്. ദ്രാവിഡമാകട്ടെ, സംസ്കൃതമാകട്ടെ,   വൃത്തങ്ങള്‍ മിക്കവയും എല്ലാ  ഭാഷകളിലും ഒരേപടി നില നില്‍ക്കുന്നില്ല. പാശ്ചാത്യവൃത്തരീതികള്‍ തന്നെ വ്യത്യസ്തങ്ങളാണ്. ഒന്നുകില്‍ വൃത്തം ഉപേക്ഷിക്കുക, അല്ലെങ്കില്‍ ലക്ഷ്യഭാഷയിലെ ഏതെങ്കിലും വൃത്തരീതി ഉപയോഗിക്കാനായി കവിതയെ മാറ്റിയെഴുതുക (വൈലോപ്പിള്ളി തന്റെ കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്‍ ചെയ്തിട്ടുള്ള പോലെ) – ഇവ മാത്രമാണ് ഇവിടെയുള്ള വഴികള്‍.വൃത്തം ദീക്ഷിക്കാത്ത കവിതകളെ സംബന്ധിച്ചിടത്തോളം ഇത് കവിതയുടെ സ്വരം, അഥവാ ‘ടോണ്‍’ ആകുന്നു. ഒരു ഭാഷയിലെ ‘ടോണ്‍’ – അത് പരിഹാസത്തിന്റേതാകാം, അധ്യാപനതിന്റേതാകാം, മ്ലാനതയുടേതാകാം, ആഹ്ലാദതിന്റേതാകാം, ധ്യാനത്തിന്റേതാകാം,പഴയ കാലത്തെ ഏതെങ്കിലും ശൈലിയെ ബോധപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നതാകാം- അതെ പടി മറ്റൊരു ഭാഷയില്‍ പുന:സൃഷ്ടിക്കുക എളുപ്പമല്ല.  അയ്യപ്പപ്പണിക്കരുടെ ‘ഇവിടെ ജീവിത’ ത്തിന്റെ പഠനത്തില്‍ ഞാന്‍ ഇത് ഉദാഹരിച്ചിട്ടുണ്ട്.
മറ്റൊന്ന് ഭാഷാവിതാനങ്ങളുടേതാണ് (ഇംഗ്ലീഷില്‍ ‘രെജിസ്റേഴ്സ്’). ചിലപ്പോള്‍- വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലി’ല്‍ അഥവാ അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം’, ‘പകലുകള്‍ രാത്രികള്‍ ‘ തുടങ്ങിയ രചനകളില്‍ എന്ന പോലെ- ഒരൊറ്റ കവിതയില്‍ തന്നെ പല ഭാഷാവിതാനങ്ങള്‍ ഉണ്ടെന്നു വരാം. ചിലപ്പോള്‍ പല കവിതകള്‍ പല വിതാനങ്ങള്‍ ഉപയോഗിച്ചെന്നു വരാം. വൈലോപ്പിള്ളി തന്നെ എടുക്കുക: ‘ തള്ളിയേറുമെന്‍ കാതി, ലൊരൂറ-/ക്കള്ളു നാറും തെറിയുടെ പൂരം’( കുടിയൊഴിക്കല്‍)   എന്ന പരുക്കന്‍ നാടന്‍ ഭാഷ, ‘പണി മുടക്കിയുടമതന്‍ / പടി മുടക്കി നിന്നു പോല്‍/ പഴയ കൂലി കൂട്ടുകെന്നു/ തൊഴിലെടുക്കുമാളുകള്‍’ (മാനഭംഗം) എന്ന ചൊടിയുള്ള മുദ്രാവാക്യഭാഷ, ‘ഓണത്തല്ലുണ്ടു പോല്‍ കുന്നംകുളങ്ങരെ/ യാണത്തമുള്ളോരു തല്ലാണേ/ പ്രീണിച്ചു കേരള നാട്ടിലെ തമ്പ്രാക്കള്‍/ മാനിച്ചു പോന്നൊരു മല്ലാണേ’ (ഓണത്തല്ല്) എന്ന നാടോടിക്കാവ്യഭാഷ, ‘പറയാമിനി വന്ന കാരിയം, താങ്കള്‍ക്കൊരു / ചെറുതാം സമ്മാനം ഞാന്‍ കൊണ്ടുവെച്ചിരിക്കുന്നു (കിളിയും മനുഷ്യനും) എന്ന ഗദ്യത്തോട് തൊട്ടു നില്‍ക്കുന്ന ശൈലി, ‘ചീട്ടു തരുന്നൊരു ചങ്ങാതീ , കൊല-/ച്ചീട്ടു തരോല്ലേ ചങ്ങാതീ’
(ചേറ്റുപുഴ) എന്ന സംഭാഷണ ഭാഷ, ‘വീണ്ടുമാരോഗ്യം  വിളംബരം ചെയ്തൊളി/ പൂണ്ട മിഴിയും തുടുത്ത കവിളുമായ് / വിശ്വസമൃദ്ധിതന്‍ പാടത്തു കൊയ്യട്ടെ/ സല്‍സഖിമാരുമായ് സ്വൈരമായ്‌ ഭാരതം’  (വിരുന്നുകാരന്‍ ) എന്ന ഉദാത്തഭാഷ, ‘എവിടെ നൃത്തലോലകള്‍ / വിവിധപുഷ്പബാലകള്‍/ എവിടെയെവിടെ വേനലിന്‍/ കവികള്‍ കോകിലാദികള്‍? (മഴത്തുള്ളികള്‍) എന്ന ഗാനശൈലി- ഇവ ഉള്‍പ്പെടെ എത്രയെത്ര തലങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്! ഇത് ആശാനിലും (‘വീണപൂവും’ ‘ദുരവസ്ഥ’ യും ‘കരുണ’യും ആദ്യകാല ശ്ലോകങ്ങളും കുട്ടിക്കവിതകളും ഒന്നു താരതമ്യം ചെയ്യുക)  ഇടശ്ശേരിയിലും (ഉദാ: പൂതപ്പാട്ട്‌, പെങ്ങള്‍, പുളിമാവു വെട്ടി, പ്രണാമം, പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്)   അയ്യപ്പപ്പണിക്കരിലും ( ഉദാ: മൃത്യുപൂജ, ഉത്സവം,ഞങ്ങള്‍ മരിയമാര്‍, ഹൂഗ്ലി, കുട്ടനാടന്‍ ദൃശ്യങ്ങള്‍, പത്തുമണിപ്പൂക്കള്‍) മറ്റും കാണാം. ഉയര്‍ന്നതും താഴ്ന്നതുമായ ‘രജിസ്റ്റരു’കള്‍ വിനയചന്ദ്രനില്‍ കാണാം. (ഉദാ: അഞ്ചിതള്‍ വിനായകം, കൂന്തച്ചേച്ചി) ഉയര്‍ന്ന രജിസ്റ്റരിന്റെ തന്നെ   പല ഉപയോഗങ്ങള്‍ ബാലചന്ദ്രന്റെ കവിതയിലുണ്ട്.  മനോജ്‌ കുറൂര്‍, അന്‍വര്‍ അലി, പി പി രാമചന്ദ്രന്‍, അനിതാ തമ്പി, പി രാമന്‍  തുടങ്ങി  പിന്നീടു വന്ന  കവികള്‍ ഇത്തരം സാധ്യതകളെല്ലാം പലരീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. മൂലഭാഷയെയും ലക്ഷ്യഭാഷയെയും കുറിച്ച് സൂക്ഷ്മബോധമുള്ളവര്‍ക്കേ ഈ തലങ്ങള്‍ പരിഭാഷയില്‍ കൊണ്ടുവരാനാവൂ. കവിതയുടെ ദൌര്‍ഭാഗ്യം കൊണ്ടോ പരിഭാഷയുടെ ഭാഗ്യം കൊണ്ടോ എന്നറിയില്ല, ഏറ്റവും പുതിയ കവികളില്‍ ഇത്തരം സൂക്ഷ്മഭാഷാബോധങ്ങള്‍ ഏറെയൊന്നും പ്രവര്‍ത്തിക്കുന്നില്ല. അത് വിവര്‍ത്തനം കുറെ എളുപ്പമാക്കിയിട്ടുണ്ട്. അതില്‍ സന്തോഷിക്കേണ്ടവര്‍ക്കു സന്തോഷിക്കാം.
സംസ്കാരം തര്‍ജ്ജുമ ചെയ്യുന്നത് ഇതിനേക്കാള്‍ പ്രയാസമാണ്. ‘പുളിയിലനേര്‍ക്കര മുണ്ടു മടക്കി-/പ്പൂവു നിറച്ചാളമ്മാളു’,’ പുടമുറിയാഘോഷിച്ചാങ്ങളമാരവര്‍/ പൂകീ നാത്തൂന്‍ വീടുകളില്‍’   (‘പെണ്ണും പുലിയും’: വൈലോപ്പിള്ളി) എന്ന വരികളുടെ മുന്‍പില്‍ ഒരു വിധം പരിഭാഷകര്‍ മുട്ടുമടക്കും. ഇവിടെ വാക്കുകളേക്കാള്‍ സന്ദര്‍ഭം തന്നെയാണ് പ്രശ്നം. നാട്ടിന്‍പുറങ്ങളുമായി ബന്ധപ്പെട്ട കാഴ്ചകള്‍, ഗന്ധങ്ങള്‍, ശബ്ദങ്ങള്‍, സ്മൃതികള്‍, സസ്യ-ജന്തുജാലങ്ങള്‍, മിത്തുകള്‍, ഐതിഹ്യങ്ങള്‍, വിശ്വാസങ്ങള്‍ (‘ഉണ്ണി നീ ദ്രോഹിക്കരു,തമ്മ ചൊല്ലിനാള്‍, ചിറ്റൂ-/രപ്പനാടുവാനെണ്ണ കൊണ്ട് പോം പുഴുവല്ലോ‘ (‘എണ്ണപ്പുഴുക്കള്‍’, വൈലോപ്പിള്ളി) ഇവയെല്ലാം കവിതയ്ക്ക് വെളിച്ചവും  പരിഭാഷയ്ക്ക് ഇരുട്ടും  ആകാം.
ഇവ കൂടാതെ പൊതുസമസ്യകളുണ്ട്. അനുഭവത്തില്‍ നിന്നു ഞാന്‍ പഠിച്ച ഒരു കാര്യം ഭാഷകള്‍ തമ്മില്‍ എത്ര മാത്രം കുടുംബബന്ധമുണ്ടോ, അത്രത്തോളം പരിഭാഷ വിശ്വസ്തമാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ദ്രാവിഡവ്യാകരണവും, ലിംഗ-വചന രൂപങ്ങളും പ്രത്യയങ്ങളും  വാക്യഘടനകളും പിന്തുടരുന്ന ഭാഷകള്‍ തമ്മില്‍ പരിഭാഷ കൂടുതല്‍ എളുപ്പമാണ്.  ഹിന്ദി, ബംഗാളി തുടങ്ങിയ ഇന്‍ഡോ- ആര്യന്‍ ഭാഷകള്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്‌ തുടങ്ങിയ ഇന്‍ഡോ –യൂറോപ്യന്‍ ഭാഷകള്‍  ഇങ്ങിനെയിങ്ങിനെ  ഗോത്രങ്ങള്‍ അകലും തോറും വാക്യഘടനയുടെയും ലിംഗത്തിന്റെയും മറ്റും പുതിയ സമസ്യകള്‍ ഉടലെടുക്കുന്നു. മൂന്നു ലിംഗങ്ങള്‍ ഉള്ള, കര്‍ത്താവനുസരിച്ചു ക്രിയയ്ക്ക് മാറ്റം വരാത്ത,  മലയാളത്തില്‍ നിന്ന്, രണ്ടു ലിംഗങ്ങള്‍ മാത്രമുള്ള, കര്‍ത്താവിന്റെ ലിംഗവും വചനവും  അനുസരിച്ച് ക്രിയാരൂപം മാറുന്ന, ഹിന്ദിയിലേക്ക് തര്‍ജ്ജുമ ചെയ്യുന്നതിന്റെ, അഥവാ മറിച്ചു ചെയ്യുന്നതിന്റെ,  പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. കര്‍ത്താവ്‌, കര്‍മ്മം, ക്രിയ എന്ന ക്രമം പിന്തുടരുന്ന ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് കര്‍ത്താവ്‌, ക്രിയ , കര്‍മ്മം എന്ന ക്രമം പിന്തുടരുന്ന യൂറോപ്പ്യന്‍ ഭാഷകളിലേക്കുള്ള തര്‍ജുമ വീണ്ടും സങ്കീര്‍ണ്ണമാകുന്നു. സമസ്തപദങ്ങള്‍, കര്‍ത്താവ്‌ വാക്യത്തില്‍ ഇല്ലാതെ വരുന്നതോ, കുറെ കഴിഞ്ഞു മാത്രം വരുന്നതോ ആയ സന്ദര്‍ഭങ്ങള്‍, വിശേഷണങ്ങളുടെ പെരുക്കം, വികാരത്തിന്റെ തോത്, ബന്ധസൂചകമായ സംജ്ഞകള്‍ ഇങ്ങിനെ പലയിടങ്ങളിലും ശ്രദ്ധ ആവശ്യമായി വരാം.
ഈ സമാഹാരത്തിന്റെ വിവര്‍ത്തനാനുകൂലമായ ഒരു സവിശേഷത, ഇതില്‍ നാലു തെന്നിന്ത്യന്‍ ഭാഷകളാണ് കൈമാറ്റത്തില്‍ ഏര്‍പ്പെടുന്നത് എന്നതാണ്. കവിതാ വിവര്‍ത്തനത്തിന്റെ സ്വാഭാവികപ്രയാസങ്ങള്‍ കുറെയെങ്കിലും തരണം ചെയ്യാന്‍  ഈ വംശബന്ധം  സഹായകമാകുന്നുണ്ട്. മറ്റൊരു അനുകൂലസാഹചര്യം  ഇവിടെ വിവര്‍ത്തകരെല്ലാം കവികള്‍ തന്നെ ആണെന്നതാണ്: അതായത് എഴുതപ്പെട്ട ഭാഷ ഏതായാലും കവിതയുടെ പൊതുഭാഷ മനസ്സിലാകുന്നവര്‍. മൂന്നാമത് ഇവരെല്ലാം തന്നെ സ്വന്തം ഭാഷകളില്‍ ആധുനികവും ആധുനികതാനന്തരവുമായ കവിതയുടെ കൂടെ നടന്നവരും, അതിന്റെ ഭാഷാശൈലികളും സങ്കേതങ്ങളും രചനാതന്ത്രങ്ങളും വായിച്ചും പ്രയോഗിച്ചും പരിചയിച്ചവരുമാണ്. അത് ഇവര്‍ക്ക് ഒരു പൊതുഭാവുകത്വം നല്‍കുന്നുണ്ട്. നാലാമത് ദൂരെ ഇരുന്നു കൊണ്ട്, മൂലകവിയെ അറിയാതെയോ കേട്ടും വായിച്ചും  മാത്രം അറിഞ്ഞോ നടത്തുന്ന പരിഭാഷയല്ലാ ഇവിടെ നടക്കുന്നത്; കവിയും പരിഭാഷകനും ഒന്നിച്ചു താമസിച്ചുകൊണ്ട് പരസ്പരം സംശയങ്ങള്‍ ചോദിച്ചും ആശയങ്ങള്‍ കൈ മാറിയും നടത്തുന്ന ഒന്നാണ്. പോരാത്തതിന് തെന്നിന്ത്യന്‍ ഭാഷകള്‍ നന്നായറിയാവുന്ന വിദഗ്ദ്ധരും സഹായത്തിന്നുണ്ടായിരുന്നു. അഞ്ചാമത്, ഏതെങ്കിലും മൂന്നാം ഭാഷയെ ബന്ധഭാഷയായി ഉപയോഗിച്ചുകൊണ്ടല്ലാ, മറിച്ചു നേരിട്ട് ഭാഷകളെ മുഖാമുഖം നിര്‍ത്തിയാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ ഈ പരിഭാഷകള്‍ നടത്തിയത്.
ഈ കാരണങ്ങള്‍ കൊണ്ടു തന്നെ പട്ടാമ്പിയില്‍ 2017 -ലെ കവിതക്കാര്‍ണിവലിന്റെ മുന്നോടിയായി നടന്ന ഈ ശില്‍പ്പശാല, ഏതു വിവര്‍ത്തനശില്‍പ്പശാലക്കും ഉത്തമമാതൃകയാണെന്ന് ഞാന്‍ കരുതുന്നു. ഒപ്പം തന്നെ അതിന്റെ ഈ ഉത്പന്നങ്ങള്‍ തെന്നിന്ത്യന്‍ഭാഷകള്‍ തമ്മില്‍ ചില വാഗ്പാലങ്ങള്‍ പണിയുവാനും,  അവയിലെ കവിതകളുടെ ചില രീതികളും സമീപനങ്ങളുമെങ്കിലും മനസ്സിലാക്കി താരതമ്യം ചെയ്യാന്‍ സഹൃദയരെ പ്രാപ്തരാക്കാനും സഹായിക്കുമെന്നും   ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാറ്റിലുമുപരി മലയാളസഹൃദയര്‍ക്ക് ഒരു നവീനസൌന്ദര്യാനുഭവമായി ഈ സമാഹാരത്തിലെ കവിതകള്‍ അനുഭവപ്പെടുമെന്നു ഞാന്‍ കരുതുന്നു.

സച്ചിദാനന്ദന്‍
(ശില്‍പ്പശാലാ ഡയറക്ടര്‍)

No comments:

Post a Comment